ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്, ഇടുക്കി ജില്ല
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍, ചക്കുപള്ളം, അണക്കര, ആനവിലാസം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചക്കുപള്ളം ഗ്രാമപഞ്ചായത്ത്. 41.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വണ്ടന്‍മേട്, തെക്ക് കുമിളി, കിഴക്ക് തമിഴ്നാട്, പടിഞ്ഞാറ് അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് എന്നിവയാണ്. വണ്ടന്‍മേട് പഞ്ചായത്തില്‍നിന്നും വേര്‍പ്പെടുത്തി ചക്കുപള്ളം പഞ്ചായത്ത് 02/07/1977-ല്‍ GO(ms)No.154/77/LA&SWD Dtd. 17/06/1977 പ്രകാരം രൂപീകൃതമായി. ചെറിയ മലകള്‍ നിറഞ്ഞ് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചെരിഞ്ഞ പ്രദേശമാണ് ചക്കുപള്ളം പഞ്ചായത്ത്. തമിഴ്നാട് സംസ്ഥാനത്തോടു ചേര്‍ന്ന് കിടക്കുന്ന ചക്കുപള്ളം പഞ്ചായത്ത് പൂര്‍ണ്ണമായും ഒരു കാര്‍ഷികപ്രദേശമാണ്. സമുദ്രനിരപ്പില്‍നിന്ന് ഉദ്ദേശം 2500 അടിയോളം ഉയര്‍ന്നു കിടക്കുന്ന ഈ പ്രദേശം കുന്നുകളും താഴ്വരകളും ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്താണ്. ഇവയുടെ ഇടയ്ക്കുള്ള താഴ്വരകളില്‍ നെല്ലും, വെറ്റിലകൊടിയും, ഏലവും, തേയിലയും, കാപ്പിയും ധാരാളമായി കൃഷി ചെയ്തിരുന്നു. 20ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിലാണ് ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. ഈ നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളില്‍ ഏലകൃഷിക്കായി തമിഴ്നാട്ടില്‍ നിന്നെത്തിയ ആങ്കുര്‍റാവുത്തരും കൂട്ടരുമാണ് ഇവിടെ ആധുനിക കാര്‍ഷിക സംസ്കാരത്തിന് അടിത്തറയിട്ടതെന്ന് കരുതപ്പെടുന്നു. ഏലം, കുരുമുളക് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഭാരതത്തിലെ തന്നെ ഒരു മികച്ചസ്ഥാനം ചക്കുപള്ളം പഞ്ചായത്തിനുണ്ട്.